This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിമ്റ്റ്, ഗുസ്താവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിമ്റ്റ്, ഗുസ്താവ്

Klimt, Gustav (1862 - 1918)

ആസ്ട്രിയന്‍ ചിത്രകാരന്‍. 19-ാം ശതകത്തിന്റെ അന്ത്യത്തിലും 20-ാം ശതകത്തിന്റെ ആദ്യവും യൂറോപ്യന്‍ ചിത്രകലയില്‍ ആധിപത്യമുറപ്പിച്ച സിംബോളിക് രീതിയോടും ജൂഗന്റ് സ്റ്റില്‍ പ്രസ്ഥാനത്തോടും ബന്ധപ്പെട്ടാണ് ഇദ്ദേഹം പ്രസിദ്ധനായത്. വിയന്നയുടെ പ്രാന്തപ്രദേശമായ ബൗംഗാര്‍ട്ടനില്‍ 1862-ല്‍ ക്ലിമ്റ്റ് ജനിച്ചു. വിയന്നയിലെ സ്കൂള്‍ ഒഫ് ഡക്കറേറ്റീവ് ആര്‍ട്സില്‍ ഫെര്‍ഡിനാന്‍ഡ് ലാഫ്ബര്‍ഗറുടെ കീഴില്‍ ചിത്രകല അഭ്യസിച്ച ഇദ്ദേഹത്തിന്റെ ആദ്യകാല രചനകള്‍ നാച്വറലിസ്റ്റിക് ശൈലിയിലുള്ളവയാണ്.

ഗുസ്താവ് ക്ലിമറ്റിന്റെ ചുംബനം എന്ന പെയിന്റിംഗ്

1894-ല്‍ വിയന്ന സര്‍വകലാശാലയിലെ പ്രധാനഹാളിന്റെ മുകള്‍ത്തട്ട് ചിത്രാലങ്കൃതമാക്കാനുള്ള ക്ഷണം ലഭിച്ചു. ജൂഗന്റസ്റ്റില്‍ പ്രസ്ഥാനമായും മ്യൂണിച്ച് ചിത്രകാരന്മാരുമായുള്ള ബന്ധമാണ് ഇദ്ദേഹത്തിന്റെ ചിത്രരചനാശൈലിയില്‍ ഏറെ മാറ്റങ്ങള്‍ക്ക് സാഹചര്യമൊരുക്കിയത്. ചിത്രകലയുടെയും വാസ്തുശില്പത്തിന്റെയും അതിര്‍വരമ്പുകള്‍ നേര്‍പ്പിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പില്ക്കാല സൃഷ്ടികളില്‍, ആഭരണത്തോടും ലൈംഗികതയോടുമുള്ള ചിത്രകാരന്റെ ഭ്രമാവേശങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. വിയന്ന സര്‍വകലാശാലയില്‍ മൂന്നു ചിത്രങ്ങളാണ് ക്ലിമ്റ്റ് വരച്ചത്. കാമോദ്ദീപകമായ ഈ രചനകളെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉണ്ടാവുകയും രണ്ടാം ലോകയുദ്ധാന്ത്യത്തില്‍ ഇവ നശിപ്പിക്കപ്പെടുകയും ചെയ്തു. ക്ലിമ്റ്റ് പ്രസിഡന്റായിരുന്ന വിയന്ന സെസേഷന്റെ മന്ദിരത്തിനു മുമ്പില്‍ 1902-ല്‍ മാക്സ് ക്ലിങ്ങര്‍, ബീഥോവന്റെ പ്രതിമ അനാച്ഛാദനം ചെയ്ത അവസരത്തിലേക്കു വരച്ച ചിത്രമാണ് ബീഥോവന്‍ ഫ്രീസ്, ദ് കിസ്, ഫ്രിറ്റ്സാ റീഡ്ലര്‍ അഡല്‍ ബ്ളോക് ബ്യൂര്‍ തുടങ്ങിയ ചിത്രങ്ങളും ജൂഗന്റസ്റ്റില്‍ പ്രസ്ഥാനത്തോട് ബന്ധപ്പെട്ടവയാണ്.

പ്രകൃതിദൃശ്യ ചിത്രത്തിലും ക്ലിമ്റ്റ് താത്പര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദ് പാര്‍ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച കലാസൃഷ്ടിയാണ്. പ്രതീകാത്മകരചനകളില്‍ ഹോപ്, ദ് ത്രീ ഏജസ് ഒഫ് വുമണ്‍, ഡത്ത് ആന്‍ഡ് ലവ്, ദ് വെര്‍ജിന്‍ എന്നിവയാണ് ഏറെ ശ്രദ്ധേയമായവ. സ്വാതന്ത്യ്രവാഞ്ഛ തുടിക്കുന്നവയെന്നും പ്രകൃതിവീക്ഷണത്വരയുള്‍ക്കൊള്ളുന്നവയെന്നും രണ്ടുവിഭാഗങ്ങളായി, വിശാലാര്‍ഥത്തില്‍, ക്ലിമ്റ്റ് ചിത്രങ്ങള്‍ വിലയിരുത്തപ്പെടുന്നു. ദ് മദര്‍ വിത്ത് റ്റൂ ചില്‍ഡ്രന്‍ (1900-10) പോലുള്ള അവസാനകാല രചനകളില്‍ ഇവ രണ്ടിനെയും സംയോജിപ്പിക്കാനുള്ള ശ്രമവും ഇദ്ദേഹം നടത്തിയതായി കാണാം. സാധാരണ മനുഷ്യരുടെ ജീവിതദൈന്യം തുടിക്കുന്ന ഈ ചിത്രം കൊകോഷ്കാ തുടങ്ങിയ പില്ക്കാല ചിത്രകാരന്മാര്‍ രൂപംകൊടുത്ത എക്സ്പ്രഷണിസ്റ്റ് വീക്ഷണത്തിന് ആരംഭം കുറിച്ചു. 1918-ല്‍ ഗുസ്താവ് ക്ലിമ്റ്റ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍